ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷകരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. എന്നാൽ ബിരുദം പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങളോ അക്കാദമിക് സുരക്ഷിതത്വമോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ കണക്കുകൾ പ്രകാരം 2014-15ൽ 1.17 ലക്ഷമായിരുന്ന പിഎച്ച്ഡി പ്രവേശനം 2023-24ൽ 3.44 ലക്ഷമായി ഉയർന്നു.
ഗവേഷകരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധനയുണ്ടായെങ്കിലും, യോഗ്യത പൂർത്തിയാക്കുന്നവർക്കുള്ള തൊഴിൽ സാധ്യതകൾ വളരെ പരിമിതമാണ്. അക്കാദമിക് മേഖലയിലെ താത്കാലിക തസ്തികകളും കുറഞ്ഞ വേതനവുമാണ് പലരെയും പ്രതിസന്ധിയിലാക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള മുൻനിര സ്ഥാപനങ്ങളിൽ പോലും ഗസ്റ്റ് ഫാക്കൽറ്റികൾക്ക് നിശ്ചിത വേതനം മാത്രമാണ് ലഭിക്കുന്നത്. സ്ഥിരമായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളുടെ കുറവും, പോസ്റ്റ്-ഡോക്ടറൽ അവസരങ്ങളുടെ പരിമിതിയും കാരണം പല ഗവേഷകരും പഠനത്തിനു ശേഷം കോർപറേറ്റ് മേഖലയിലേക്കോ, വിദേശത്തേക്കോ പോകാൻ നിർബന്ധിതരാകുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ കോഴ്സുകൾ നിർത്തലാക്കിയതും, യുജിസിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തുക ഉയർത്തിയതും കൂടുതൽ വിദ്യാർഥികളെ ബിരുദാനന്തര ബിരുദത്തിനുശേഷം പിഎച്ച്ഡിയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, വനിതാ ഗവേഷകരുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. 2014-15ൽ 47,700 ആയിരുന്ന വനിതകളുടെ എണ്ണം 2023-24 ഓടെ 1.71 ലക്ഷമായി ഉയർന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പോലും സർക്കാർ തലത്തിലുള്ള പ്രതിഫലം കുറവായതിനാൽ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അധ്യാപക തസ്തികകളെ മാത്രം പ്രധാന ലക്ഷ്യമായി കാണുന്ന പരമ്പരാഗത രീതിക്കു മാറ്റം വരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. വ്യവസായ മേഖല, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുമായി ഗവേഷണങ്ങളെ ബന്ധിപ്പിക്കുകയും പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പുകൾ വർധിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഗവേഷണ വിപ്ലവം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉപകരിക്കൂ എന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.